2017, ഒക്‌ടോബർ 16, തിങ്കളാഴ്‌ച

ഉണ്ണിയപ്പം 10
പോസ്റ്റർ
ഒന്നാം ക്ലാസ്സിലെ കുട്ടികൾ പോസ്റ്റർ രചന പഠിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂൾ സന്ദർശനത്തിനെത്തിയത്.
പഠന പ്രക്രിയയുടെ ഭാഗമായ് കുട്ടികൾ തയ്യാറാക്കിയ "ചെരിപ്പ് പുറത്തു വെക്കുക " എന്ന പോസ്റ്റർ ക്ലാസ്സിന് പുറത്ത് വെച്ചതിന്റെ താഴെയായ് കുട്ടികൾ അവരവരുടെ ചെരിപ്പുകൾ നിരനിരയായ് ചേർത്തു വെച്ചിട്ടുണ്ട്.
ക്ലാസ്സിനകത്ത് വിരിച്ച പായയിൽ വട്ടത്തിലിരുന്ന് ഗ്രൂപ്പ് പ്രവർത്തനം ചെയ്യുമ്പോഴാണ് എ ഇ ഓ സാർ കയറി വന്നത്. സാറിന്റെ കാലിലെ ഷൂസ് കണ്ട് ഷിഹാദ്
"സാറെ, ചെരിപ്പ് പുറത്ത് അഴിച്ചു വെക്കണം" എന്ന് ഓർമ്മിപ്പിച്ചു.അതു കേട്ട അർജുൻ
''സാറെ, പുറത്ത് പോസ്റ്റർ വെച്ചിട്ടുണ്ട് " എന്ന് അഭിമാനിച്ചു.
സാർ ക്രുദ്ധനായ് കുട്ടികളെ നോക്കി. കുട്ടികൾ എന്നെ നോക്കി. ഞാൻ കണ്ണുകൊണ്ട് പ്രോത്സാഹിപ്പിച്ചു.
"ക്ലാസ് ശുചിയാകാൻ എന്തെല്ലാം ചെയ്യാമെന്ന് കുട്ടികൾ ഒന്നടങ്കം വിളിച്ചു പറയാൻ തുടങ്ങി.
" എന്താ ടീച്ചറെ ഇങ്ങനെ ?"സാർ എന്റെ നേരെ തിരിഞ്ഞു.
" കുട്ടികൾ അങ്ങനെയാണ് സാർ, പെട്ടെന്ന് പ്രതികരിക്കും"
സാറും പ്രതികരിച്ചു. പച്ചമഷിയിൽ സന്ദർശന ഡയറിയിൽ
- ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് അച്ചടക്കമില്ല.
ആ അംഗീകാരം ഞാൻ സന്തോഷപൂർവം സ്വീകരിച്ചു.


ഉണ്ണിയപ്പം - 9
പണി
മൂന്നര വർഷം മുമ്പ് നാടുവിട്ടു പോയ നസീമ തിരിച്ചു വന്നിരിക്കുന്നു. അയൽക്കാരി ഹലീമയുടെ മകളാണ് നസീമ.
ഒക്കൊത്തൊരു കുഞ്ഞു മായ് മുറ്റത്ത് നിൽക്കുന്ന നസീമയെ കണ്ടപ്പോൾ കുശലം ചോദിച്ചു.

"എന്താ നസീമ വിശേഷം?"
"വിശേശമല്ലേയിത്!"ഉന്തി നിൽക്കുന്ന വയർ തൊട്ട് അവൾ പറഞ്ഞു.
"പിന്നെന്താ തിരിച്ചു വന്നേ ?''
"ഒരു സംസ്കാരൂല്ലാത്ത കൂട്ടരാ ടീച്ചറെ ഓറ്. "
" എന്തു പറ്റി?"
"നമ്മക്ക് ശരിയാവൂല. പണിയെടുത്തിറ്റെങ്കിലും ഞങ്ങൾ ജീവിക്കും."
സർക്കാർ സ്കൂളിന്റെ മുതലാളി ഞാനാണെന്ന മട്ടിൽ ശബ്ദം താഴ്ത്തി അവൾ ചോദിച്ചു.
"ടീച്ചറെ സ്കൂളിൽ എന്തെങ്കിലും ഒരു പണി തര്വോ?"
ഉണ്ണിയപ്പം - 8
നിലനിൽപ്പ്
"ഇത്തവണ മെഡൽ ഉറപ്പാ"
കുട്ടികൾക്ക് അവസാന റൗണ്ട് നിർദ്ദേശങ്ങൾ നൽകി തിരിച്ച് സ്റ്റാഫ് റൂമിലേക്ക് കയറിയ പി.ടി. മാഷ് പറഞ്ഞു
"അതെയതെ. ഇത് പതിവ് പല്ലവിയല്ലേ?"
സ്റ്റാഫ് സെക്രട്ടറി.
" പോയിട്ടെന്തായി?"
കളിക്കളത്തിൽ നിന്ന് മടങ്ങിയെത്തിയവരോട് ഹെഡ്മാസ്റ്റർ ആരാഞ്ഞു.
" സെൻട്രൽ എൽപിക്കും ഞങ്ങൾക്കും കൂടി ഇരുപത് പോയന്റ് ".
എസ് കോർട്ട് പോയ കണക്ക് മാഷ്.
" നിങ്ങളെന്തിനാ സെൻട്രൽ എൽ പി യെ കൂട്ടുപിടിക്കുന്നേ?"
" അതു പിന്നെ അവർ ഞങ്ങളോടൊപ്പമല്ലേ വന്നത്. പാവം ടീച്ചർ. റോഡരികിൽ രണ്ടു കുട്ടി ക ളെയും കൂട്ടി ബസ് കാത്തു നിൽക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി. അവരെ ഞങ്ങളുടെ ജീപ്പിൽ കയറ്റി. തിരിച്ചു വരുമ്പോഴും ഒന്നിച്ചായിരുന്നു."
" അവർക്ക് എത്ര പോയന്റ് ?"
" അവർക്ക് രണ്ടു പോയന്റെയുള്ളൂ."
" അതു ശരി. അവരില്ലാതെ നിങ്ങൾക്ക് നില നിൽപ്പില്ല അല്ലേ?"
ഹെഡ്മാസ്റ്റർ ഊറിച്ചിരിച്ചു.
"
ഉണ്ണിയപ്പം - 7
പ്രാർത്ഥന
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അമ്പലനടയിലെത്തിയപ്പോൾ ഡ്രൈവറോട് കാർ നിർത്താൻ പറഞ്ഞു.
"ഇവിടെ തൊഴുതിട്ട് പോകാം .പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണെന്ന് കേട്ടിട്ടുണ്ട് " .
കൂടെ അയാളും ഇറങ്ങി. തിരിച്ച് കാറിൽ കയറുമ്പോൾ അവൾ ചോദിച്ചു.
"എന്താ പ്രാർത്ഥിച്ചത്?"
" കുട്ടി ആണായിരിക്കണേയെന്ന് "
"അയ്യോ, ഞാൻ പെണ്ണായിരിക്കണേയെന്നാണല്ലോ പ്രാർത്ഥിച്ചത് "
"രണ്ടു പേരും ചേർന്ന് ദൈവത്തെ കൺഫ്യുഷ നിലാക്കിയോ? ഏതായാലും ഒരാളുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല."
ശ്രദ്ധിച്ച് കാർ ഓടിക്കുന്നതിനിടയിൽ ഡ്രൈവർ പറഞ്ഞു.
ആശുപത്രിയിൽ അവൾ തലങ്ങും വിലങ്ങും നടന്നു .വല്ലാത്ത വേദന. വേദന കൂടിക്കൂടി വരുന്നു.
'ദൈവം കൺഫ്യൂഷനിലായിരിക്കുമോ?,
അവൾ പ്രാർത്ഥന മാറ്റി പറഞ്ഞു.
" കുട്ടി ആണായിക്കോട്ടെ"
ഹാവൂ! എന്തൊരാശ്വാസം! വേദന കുറഞ്ഞല്ലോ.
'ങേ, പിന്നെയും വേദനയോ?,
വേദന സഹിക്കാതായപ്പോൾ അവൾ പ്രാർത്ഥനയിൽ നിന്ന് പിൻവലിഞ്ഞു.
"ദൈവത്തിന്റെ ഇഷ്ടം പോലെയാകട്ടെ "
സുഖപ്രസവം കഴിഞ്ഞപ്പോൾ അവൾ സിസ്റ്ററോട് പറഞ്ഞു.
"എന്ത് വിട്ട് വീഴ്ചയ്ക്കും തയ്യാറായി പോകും. അത്രയ്ക്ക് കഠിനമായിരുന്നു.'
ഉണ്ണിയപ്പം - 6
വിജയം
പൂജയ്ക്ക് വെച്ച പുസ്തകങ്ങൾക്ക് മീതെ വിളക്ക് തട്ടി എണ്ണയും തീയും പടർന്നപ്പോൾ കത്തിപ്പോയ കൂട്ടത്തിൽ അവളുടെ പുസ്തകങ്ങളുമുണ്ടായിരുന്നു.പത്താം ക്ലാസ്സിൽ തോറ്റതിന് ഏട്ടൻമാരുടെ അടി കിട്ടാതെ രക്ഷപ്പെടാൻ അതൊരു കാരണമായി.പിന്നീട് ട്യൂട്ടോറിയൽ കോളേജിൽ പോയി. അവിടുത്തെ മാഷിന് ഡൽഹിയിൽ ജോലി കിട്ടി പോകുമ്പോൾ അവളെയും കെട്ടി ഡൽഹിയിലേക്ക് വണ്ടി കയറി.
ഇന്ന് ആ തലസ്ഥാന നഗരിയിൽ രാജകീയമായി ജീവിക്കുമ്പോൾ അവൾ നന്ദി പറയുന്നത് വിളക്കിലെ തിരിനാളത്തിന് .
ഉണ്ണിയപ്പം - 5

കരിങ്കാലി
ചരിത്രത്തിൽ ഇടം നേടിയ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും നീണ്ട സമരത്തിൽ പാഞ്ചാലി ടീച്ചറും പങ്കാളിയായിരുന്നു. തുറന്ന ഓഫീസുകളും സ്കൂൾ ഗേററുകളും അടപ്പിക്കാൻ സമരക്കാരോടൊപ്പം ടീച്ചറും മുൻ നിരയിലുണ്ടായിരുന്നു.എന്നാൽ ഫെബ്രവരി ഇരുപത്തി ഒൻപത്, മുപ്പത്, മുപ്പത്തി ഒന്ന് തീയതികളിൽ പോലും പാഞ്ചാലിടീച്ചർ സ്കൂളിൽ ഹാജരായിരുന്നുവെന്ന് സഹപ്രവർത്തകർ അറിഞ്ഞിരുന്നില്ല. അറിഞ്ഞത് ട്രഷറി ജീവനക്കാർ!
ഉണ്ണിയപ്പം - 4
കുഞ്ഞാമിയുടെ ഭർത്താവിന്റെ ഭാര്യ.
നേരം പര പരാ വെളുക്കുന്ന തേയുള്ളൂ. അടുക്കള വാതിൽ തുറന്ന് കിണറ്റിൽ നിന്ന് വെള്ളം കോരാൻ നോക്കുമ്പോൾ അടുക്കളയ്ക്കും കിണറ്റിനുമിടയിൽ ഇത്തിരി പോന്നിടത്ത് ഒരു പതിനാറുകാരി പാവാടക്കാരി പതുങ്ങിയിരിക്കുന്നു. അവൾ എന്നെക്കണ്ടും ഞാൻ അവളെ കണ്ടും ഞെട്ടി. ഞെട്ടൽ തീരുംമുമ്പ് എന്റെ തൊണ്ടയിൽ നിന്ന് ഒരു ശബ്ദം പുറത്ത് ചാടി.
'നീയാര് ?'
" ഞാൻ കുഞ്ഞാമിയുടെ ഭർത്താവിന്റെ ഭാര്യ "
അവൾ വിക്കി വിക്കി പറഞ്ഞു. അവൾ പറഞ്ഞത് ഞാൻ ഉരു വിട്ടു.
"എന്തിന് ഇവിടെ വന്നു ?"
ഞാൻ പോലീസായ് .
"എന്റെ കെട്ട്യോ നെനോക്കീറ്റ് "
കുഞ്ഞാമിയുടെ ഭർത്താവാണ് അവളുടെ ഭർത്താവെന്ന് അവൾ പറഞ്ഞു കഴിഞ്ഞു.
"എപ്പൊഴാ നിന്നെ കല്ല്യാണം കഴിച്ചെ?"
"നാലു മാസായി"
"ഓന് വേറെ ഭാര്യയുണ്ടെന്ന് നിനക്കറിയായിരുന്നോ? "
" ഉപ്പക്കറിയായ് രു ന്നു. ഉപ്പ ഓർക്ക് കൊറെ കായ് കൊടുക്കാനുണ്ടാർന്നു.അതൊണ്ട് എന്നെ മംഗലം കയ്ച്ചു കൊടുത്തു."
വളരെ സ്വാഭാവികമായ് പറഞ്ഞു. ഇനിയെന്ത് ചോദിക്കണം? ചോദ്യങ്ങൾ തീർന്നതുകൊണ്ട് വിരൽ ചൂണ്ടി കാണിച്ചു കൊടുത്തു.
" അതാ, കുഞ്ഞാമീടെ ക്വാട്ടേഴ്സ് "
ആദ്യം ഒരു അമിട്ടും പിന്നെ ഒരു ബോംബും ഒടുവിൽ ഒരു വാണവും പ്രതീക്ഷിച്ചങ്ങനെ നിൽക്കുമ്പോൾ കുഞ്ഞാമിയും അതിഥിയും അവരുടെ ഭർത്താവിനെ അന്വേഷിച്ച് പുറപ്പെട്ടു പോകുന്നതു കണ്ടു.
ഉണ്ണിയപ്പം - 3
പിഴ
ഇന്റർവെല്ലിൽ സുധാകരൻ കൃത്യമായ് ചായയും പലഹാരവുമായെത്തും .കടയിൽ കണക്ക് സൂക്ഷിക്കുന്ന ഏർപ്പാടില്ല. മാസാവസാനം രജിസ്റ്ററിലെ ഒപ്പെണ്ണി ഒരോരുത്തർക്കും ബില്ല് കൊടുക്കും.
രാധമ്മ ടീച്ചർ സുധാകരനുമായ് തർക്കത്തിലാണ്.

"ഇരുപത്തിയൊന്നിന് ഞാൻ ലീവാ യി രുന്നല്ലോ!"
"അതൊന്നും എനിക്കറിയില്ല. ഒപ്പിട്ടതെന്തിന്?"
ഉണ്ണിയപ്പം 2
ആദ്യത്തെ പരാതി
ബസ്സിറങ്ങി ബേഗ് നോക്കിയപ്പോഴാണ് പേഴ്സ് പോക്കറ്റടിച്ച കാര്യം അറിഞ്ഞത് .നേരെ പോലീസ് സ്റ്റേഷനിലേക്ക് നടന്നു.
" മോഷണം പോയ പേഴ്സിൽ എന്താണ് ഉണ്ടായിരുന്നത്?"
"എന്റെ സീസൺ ടിക്കറ്റ്, ഐഡൻറിറ്റിക്കാർഡ്, പിന്നെ പണവും "
"നല്ല കാര്യായ് പെങ്ങളെ, നിങ്ങളെ ഐഡൻറിറ്റി കാർഡ് കണ്ടെടുത്താൽ കള്ളനെ പിടിക്കുന്നതെങ്ങനെ? കള്ളന്റെ ഫോട്ടോ കയ്യിലുണ്ടോ?
പിന്നെ പണം ഇന്ത്യാ ഗവൺമെന്റിറക്കുന്ന പണമല്ലേ എല്ലാവരുടെ കയ്യിലും ,അതിൽ നിങ്ങളുടെ പണം തിരിച്ചറിയുന്നതെങ്ങനെ?"
ആ കുഞ്ചൻ നമ്പ്യാർ എന്നെ കണക്കിന് കളിയാക്കി.
"ഈ പോലീസ് സ്റ്റേഷൻ ചരിത്രത്തിൽ ഇത് ആദ്യ സംഭവാ."
അയാൾ കൂട്ടിച്ചേർത്തു.
"എന്നാൽ ഇനിയൊരാൾ പരാതിയുമായ് വരുമ്പോൾ ആദ്യത്തേത് എന്ന് പറഞ്ഞേക്കരുത്, മിനിമം രണ്ടാമത്തേത് എന്നെങ്കിലും പറയണം."
അവിടെ നിന്നു ഇറങ്ങി നടന്നു.
ഉണ്ണിയപ്പം.1
സാമൂഹ്യ ബന്ധം
ചായക്കടയിലുന് ചായ കുടിക്കുന്നതിനിടയിൽ അടുത്തിരിക്കുന്നയാൾ ചോദിച്ചു
"വർക്ക് ചെയ്യുന്നുണ്ടോ?"
"ഉം "
"എവിടെ?"
"ദാ ആ സ്കൂളിലെ ടീച്ചറാ "
"സാറോ ?"
"അവിടുത്തെ മാഷാ "
രണ്ടു പേരെയും അറിയുന്നയാൾ ചായക്കടക്കാരൻ