2017, ഒക്‌ടോബർ 16, തിങ്കളാഴ്‌ച

ഉണ്ണിയപ്പം - 4
കുഞ്ഞാമിയുടെ ഭർത്താവിന്റെ ഭാര്യ.
നേരം പര പരാ വെളുക്കുന്ന തേയുള്ളൂ. അടുക്കള വാതിൽ തുറന്ന് കിണറ്റിൽ നിന്ന് വെള്ളം കോരാൻ നോക്കുമ്പോൾ അടുക്കളയ്ക്കും കിണറ്റിനുമിടയിൽ ഇത്തിരി പോന്നിടത്ത് ഒരു പതിനാറുകാരി പാവാടക്കാരി പതുങ്ങിയിരിക്കുന്നു. അവൾ എന്നെക്കണ്ടും ഞാൻ അവളെ കണ്ടും ഞെട്ടി. ഞെട്ടൽ തീരുംമുമ്പ് എന്റെ തൊണ്ടയിൽ നിന്ന് ഒരു ശബ്ദം പുറത്ത് ചാടി.
'നീയാര് ?'
" ഞാൻ കുഞ്ഞാമിയുടെ ഭർത്താവിന്റെ ഭാര്യ "
അവൾ വിക്കി വിക്കി പറഞ്ഞു. അവൾ പറഞ്ഞത് ഞാൻ ഉരു വിട്ടു.
"എന്തിന് ഇവിടെ വന്നു ?"
ഞാൻ പോലീസായ് .
"എന്റെ കെട്ട്യോ നെനോക്കീറ്റ് "
കുഞ്ഞാമിയുടെ ഭർത്താവാണ് അവളുടെ ഭർത്താവെന്ന് അവൾ പറഞ്ഞു കഴിഞ്ഞു.
"എപ്പൊഴാ നിന്നെ കല്ല്യാണം കഴിച്ചെ?"
"നാലു മാസായി"
"ഓന് വേറെ ഭാര്യയുണ്ടെന്ന് നിനക്കറിയായിരുന്നോ? "
" ഉപ്പക്കറിയായ് രു ന്നു. ഉപ്പ ഓർക്ക് കൊറെ കായ് കൊടുക്കാനുണ്ടാർന്നു.അതൊണ്ട് എന്നെ മംഗലം കയ്ച്ചു കൊടുത്തു."
വളരെ സ്വാഭാവികമായ് പറഞ്ഞു. ഇനിയെന്ത് ചോദിക്കണം? ചോദ്യങ്ങൾ തീർന്നതുകൊണ്ട് വിരൽ ചൂണ്ടി കാണിച്ചു കൊടുത്തു.
" അതാ, കുഞ്ഞാമീടെ ക്വാട്ടേഴ്സ് "
ആദ്യം ഒരു അമിട്ടും പിന്നെ ഒരു ബോംബും ഒടുവിൽ ഒരു വാണവും പ്രതീക്ഷിച്ചങ്ങനെ നിൽക്കുമ്പോൾ കുഞ്ഞാമിയും അതിഥിയും അവരുടെ ഭർത്താവിനെ അന്വേഷിച്ച് പുറപ്പെട്ടു പോകുന്നതു കണ്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ