2017, ഒക്‌ടോബർ 16, തിങ്കളാഴ്‌ച

ഉണ്ണിയപ്പം 10
പോസ്റ്റർ
ഒന്നാം ക്ലാസ്സിലെ കുട്ടികൾ പോസ്റ്റർ രചന പഠിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂൾ സന്ദർശനത്തിനെത്തിയത്.
പഠന പ്രക്രിയയുടെ ഭാഗമായ് കുട്ടികൾ തയ്യാറാക്കിയ "ചെരിപ്പ് പുറത്തു വെക്കുക " എന്ന പോസ്റ്റർ ക്ലാസ്സിന് പുറത്ത് വെച്ചതിന്റെ താഴെയായ് കുട്ടികൾ അവരവരുടെ ചെരിപ്പുകൾ നിരനിരയായ് ചേർത്തു വെച്ചിട്ടുണ്ട്.
ക്ലാസ്സിനകത്ത് വിരിച്ച പായയിൽ വട്ടത്തിലിരുന്ന് ഗ്രൂപ്പ് പ്രവർത്തനം ചെയ്യുമ്പോഴാണ് എ ഇ ഓ സാർ കയറി വന്നത്. സാറിന്റെ കാലിലെ ഷൂസ് കണ്ട് ഷിഹാദ്
"സാറെ, ചെരിപ്പ് പുറത്ത് അഴിച്ചു വെക്കണം" എന്ന് ഓർമ്മിപ്പിച്ചു.അതു കേട്ട അർജുൻ
''സാറെ, പുറത്ത് പോസ്റ്റർ വെച്ചിട്ടുണ്ട് " എന്ന് അഭിമാനിച്ചു.
സാർ ക്രുദ്ധനായ് കുട്ടികളെ നോക്കി. കുട്ടികൾ എന്നെ നോക്കി. ഞാൻ കണ്ണുകൊണ്ട് പ്രോത്സാഹിപ്പിച്ചു.
"ക്ലാസ് ശുചിയാകാൻ എന്തെല്ലാം ചെയ്യാമെന്ന് കുട്ടികൾ ഒന്നടങ്കം വിളിച്ചു പറയാൻ തുടങ്ങി.
" എന്താ ടീച്ചറെ ഇങ്ങനെ ?"സാർ എന്റെ നേരെ തിരിഞ്ഞു.
" കുട്ടികൾ അങ്ങനെയാണ് സാർ, പെട്ടെന്ന് പ്രതികരിക്കും"
സാറും പ്രതികരിച്ചു. പച്ചമഷിയിൽ സന്ദർശന ഡയറിയിൽ
- ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് അച്ചടക്കമില്ല.
ആ അംഗീകാരം ഞാൻ സന്തോഷപൂർവം സ്വീകരിച്ചു.


ഉണ്ണിയപ്പം - 9
പണി
മൂന്നര വർഷം മുമ്പ് നാടുവിട്ടു പോയ നസീമ തിരിച്ചു വന്നിരിക്കുന്നു. അയൽക്കാരി ഹലീമയുടെ മകളാണ് നസീമ.
ഒക്കൊത്തൊരു കുഞ്ഞു മായ് മുറ്റത്ത് നിൽക്കുന്ന നസീമയെ കണ്ടപ്പോൾ കുശലം ചോദിച്ചു.

"എന്താ നസീമ വിശേഷം?"
"വിശേശമല്ലേയിത്!"ഉന്തി നിൽക്കുന്ന വയർ തൊട്ട് അവൾ പറഞ്ഞു.
"പിന്നെന്താ തിരിച്ചു വന്നേ ?''
"ഒരു സംസ്കാരൂല്ലാത്ത കൂട്ടരാ ടീച്ചറെ ഓറ്. "
" എന്തു പറ്റി?"
"നമ്മക്ക് ശരിയാവൂല. പണിയെടുത്തിറ്റെങ്കിലും ഞങ്ങൾ ജീവിക്കും."
സർക്കാർ സ്കൂളിന്റെ മുതലാളി ഞാനാണെന്ന മട്ടിൽ ശബ്ദം താഴ്ത്തി അവൾ ചോദിച്ചു.
"ടീച്ചറെ സ്കൂളിൽ എന്തെങ്കിലും ഒരു പണി തര്വോ?"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ